ജനപ്രിയ നായകന്റെ പിറന്നാൾ സർപ്രൈസ്; ‘കല്യാണരാമൻ’ വീണ്ടും ബിഗ് സ്ക്രീനിലേക്ക്

ദിലീപിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് സമ്മാനമായി ‘കല്യാണരാമൻ’ 4K റീ റിലീസ് പ്രഖ്യാപനം.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി എന്റർടെയ്നറുകളിൽ ഒന്നായ ‘കല്യാണരാമൻ’ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. ജനപ്രിയ നായകൻ ദിലീപിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ 4K റീ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള സ്പെഷ്യൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മലയാള സിനിമയിലെ സൂപ്പർഹിറ്റ് റീ റിലീസുകളുടെ നിരയിലേക്ക് മറ്റൊരു ജനപ്രിയ ചിത്രം കൂടി എത്തുന്നതോടെ സിനിമാപ്രേമികൾക്ക് ആവേശം പകരുകയാണ് ഈ പ്രഖ്യാപനം.
2002ൽ പുറത്തിറങ്ങി മലയാളികളുടെ മനസ്സിൽ ഇടംനേടിയ ‘കല്യാണരാമൻ’ സംവിധാനം ചെയ്തത് ഷാഫിയാണ്. ബെന്നി പി. നായരമ്പലം കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ ആണ് നിർമ്മിച്ചത്. ചിത്രത്തിന്റെ വിതരണവും നിർവഹിച്ചത് ലാൽ തന്നെയായിരുന്നു.
ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ഇന്നസെന്റ്, സലിം കുമാർ, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചുപ്രേമൻ തുടങ്ങിയ വലിയൊരു താരനിരയും അണിനിരന്നു.
ചിരിയുടെ പൂരമൊരുക്കിയ ദിലീപ്, ഇന്നസെന്റ്, സലിം കുമാർ എന്നിവരുടെ പ്രകടനങ്ങളും ഇന്നും മലയാളികൾ ആവർത്തിച്ച് ആസ്വദിക്കുന്ന സംഭാഷണങ്ങളുമാണ് ‘കല്യാണരാമനെ’ മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി ചിത്രങ്ങളിലൊന്നാക്കി മാറ്റിയത്. സോഷ്യൽ മീഡിയയുടെ കാലത്തിനും മുൻപേ തന്നെ ട്രെൻഡ് സെറ്ററായ ചിത്രത്തിലെ സംഭാഷണങ്ങൾ ഇന്നും ട്രോളുകളിലും മീമുകളിലും നിറഞ്ഞുനിൽക്കുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളുടെ വസ്ത്രധാരണവും ഷർട്ടുകളും ചുരിദാറുകളും വരെ അക്കാലത്ത് യുവാക്കൾക്കിടയിൽ വലിയ ട്രെൻഡായി മാറിയിരുന്നു.
കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച ഗാനങ്ങൾക്ക് ബേണി–ഇഗ്നേഷ്യസ് സംഗീതം പകർന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് പി. സുകുമാറാണ്. ചിത്രത്തിലെ ഗാനങ്ങളും ഹാസ്യരംഗങ്ങളും വൈകാരിക നിമിഷങ്ങളും അത്യാധുനിക 4K ദൃശ്യനിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദമികവിലും വീണ്ടും ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നത് ഹൈ സ്റ്റുഡിയോസാണ്.
പുതിയ തലമുറയ്ക്ക് ബിഗ് സ്ക്രീനിൽ ‘കല്യാണരാമൻ’ ആദ്യമായി അനുഭവിക്കാനും പഴയ തലമുറയ്ക്ക് പ്രിയപ്പെട്ട സിനിമയുടെ ഓർമ്മകളിലേക്ക് ഒരിക്കൽക്കൂടി മടങ്ങാനും ഈ റീ റിലീസ് അവസരമൊരുക്കും.
ചിത്രത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും റിലീസ് തീയതിയും ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
പി.ആർ.ഒ: ഐശ്വര്യ രാജ്
